കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 1.14 കിലോ സ്വര്‍ണം പിടികൂടി; ഏജൻസി സൂപ്പര്‍വൈസറും യാത്രക്കാരനും അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 1.14 കിലോ സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സി സൂപ്പര്‍വൈസറുടെ സഹായത്തോടെ കടത്താന്‍ ശ്രമിച്ച 1.14 കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരനെയും സൂപ്പര്‍വൈസറെയും അറസ്റ്റുചെയ്തു. 87.01 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.
സ്വർണം പുറത്തെത്തിക്കാന്‍ ഇയാള്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് സൂപ്പര്‍വൈസര്‍ക്ക് കൈമാറുകയായിരുന്നു. പേസ്റ്റ് രൂപത്തില്‍ സ്വര്‍ണമടങ്ങിയ രണ്ടു പായ്ക്കറ്റുകളായാണ് സ്വർണം കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പേസ്റ്റ് രൂപത്തിലിരുന്ന സ്വർണത്തിൽ നിന്നും 87.01 ലക്ഷം രൂപ വിലമതിക്കുന്ന 1.14 കിലോ സ്വര്‍ണം വേര്‍തിരിച്ചെടുത്തു.സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരനെ സൂപ്പര്‍വൈസറില്‍നിന്ന് ലഭിച്ച വിവരം അനുസരിച്ച് എക്‌സിറ്റ് ഗേറ്റില്‍ തടഞ്ഞുവെച്ച് പിടികൂടി. ജിദ്ദയില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണം സൂപ്പര്‍വൈസര്‍ക്ക് കൈമാറിയത് താനാണെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി കസ്റ്റംസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.