PV Anvar| ഒരു ഫോൺ ചെയ്താൽ നിലമ്പൂരിലെ LDF പഞ്ചായത്തുകൾ താഴെ വീഴും; അതിന് സമയമായിട്ടില്ലെന്ന് അൻവർ

ഒരു ഫോൺ ചെയ്താൽ നിലമ്പൂരിലെ LDF പഞ്ചായത്തുകൾ താഴെ വീഴും എന്നാൽ അതിന് സമയമായിട്ടില്ലെന്ന് പിവി അൻവർ എംഎൽഎ. താൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ എത്തുമെന്നും എന്നാൽ അങ്ങനെ വിളിക്കാൻ സമയമായിട്ടില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ ഭാഗമായ നറുക്കെടുപ്പ് ഉദ്ഘാടനത്തിന് പിന്നാലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊതുയോഗത്തിൽ 50 കസേരകളിടും. കൂടുതൽ പൊതുയോഗങ്ങൾ ഉണ്ടാകും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും. സെക്രട്ടറിയേറ്റിന് മുന്നിൽ ഉണ്ടാകുമോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഫോൺ ചോർത്തിയിട്ടില്ല. കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തത്. തനിക്കെതിരെ കേസുകൾ ഇനിയും വരും, അറസ്റ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അൻവർ. കൂടാതെ പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല. തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും അൻവർ വ്യക്തമാക്കി.